സോളാർ കേസിൽ ആശങ്കയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: സോളാർ കേസിൽ തനിക്ക് ആശങ്കയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി. സത്യം വിജയിക്കുമെന്നും സത്യം വിട്ടൊരു തീരുമാനവും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും തെളിവില്ലാതെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെക്കുറിച്ച് നീതിബോധമുള്ളവർ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യാതെ പരാതിക്കാരിയുടെ വാക്കുകൾ കേട്ട് സി.ബി.ഐ അന്വേഷണത്തിന് പോയതിൽ സർക്കാരിനോട് പരിഭവമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ചികിത്സ കഴിഞ്ഞ് ഉമ്മൻചാണ്ടി കേരളത്തിലേക്ക് മടങ്ങിയെത്തി. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയും സി.ബി.ഐ തള്ളി.
കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവരെയും വിവിധ കേസുകളിൽ കുറ്റവിമുക്തരാക്കിയിരുന്നു. കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുകൾ ചമയ്ക്കാനാണ് പരാതിക്കാരി ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ കെസി 5.5 ലക്ഷം രൂപ നൽകിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പരാതിക്കാരിയുടെ മുൻ മാനേജരിൽ നിന്ന് അര ലക്ഷം രൂപ കണ്ടെടുത്തിരുന്നു.
വേണുഗോപാലിന്‍റെ സെക്രട്ടറിയാണ് പണം നൽകിയതെന്നാണ് ആരോപണം. എന്നാൽ, പരാതിക്കാരി തന്നെയാണ് പണം നൽകിയതെന്ന് സി.ബി.ഐ കണ്ടെത്തി. ആറ് കേസുകളിലും പരാതിക്കാരിയുടെ മുഴുവൻ വാദങ്ങളും ഹാജരാക്കിയ തെളിവുകളും സി.ബി.ഐ തള്ളി. പരാതിക്കാരിയെ പൂർണ്ണമായും വിശ്വസിച്ച് കേസ് സി.ബി.ഐക്ക് കൈമാറിയ സർക്കാരിനും ഇത് വലിയ തിരിച്ചടിയാണ്.