പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ.അച്യുതന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍സംസ്ഥാന പ്രസിഡന്റുമായ ഡോ. എ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്കായിരുന്നു അന്ത്യം.

പരിസ്ഥിതിവിഷയങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വമായിരുന്നു ഡോ. അച്യുതന്റേത്. പ്ലാച്ചിമട ജനകീയ അന്വേഷണ കമ്മിഷൻ,എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മിഷന്‍ തുടങ്ങിയവയില്‍ അംഗമായിരുന്നു. സൈലന്റ് വാലി സംരക്ഷണവിഷയത്തിലും സജീവമായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ 1974-ല്‍ കേരള പരിസ്ഥിതി സംരക്ഷണസമിതി രൂപവത്കരിച്ചതിന്റെ മുന്നണിയിലും അച്യുതനുണ്ടായിരുന്നു.

വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറേറ്റും നേടിയ അച്യുതന്‍ തൃശ്ശൂര്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജിലും അധ്യാപകനായിരുന്നു. പൊതുമരാമത്ത് വകുപ്പിലെ പബ്ലിക് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡീന്‍, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്