പ്രശസ്ത ചലച്ചിത്ര കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു
കൊച്ചി: ചലച്ചിത്ര പ്രൊഡക്ഷൻ ഡിസൈനറും കലാസംവിധായകനുമായ സുനിൽ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലെ തിരക്കുള്ള കലാസംവിധായകനായിരുന്നു അദ്ദേഹം.
മൈസൂർ ആർട്സ് കോളേജിലെ പഠനം പൂർത്തിയാക്കിയ ശേഷം കലാസംവിധായകനായ സാബു സിറിലിന്റെ അസിസ്റ്റന്‍റായി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡേയ്സ് എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങൾ. ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷ്യൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഇംഗ്ലീഷ് ചിത്രത്തിനായും പ്രവർത്തിച്ചു.
കാലിലെ ചെറിയ നീരിനെ തുടർന്ന് 3 ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘വാരിസിലാണ്’ അവസാനം പ്രവർത്തിച്ചത്. രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി.