18 പിന്നാക്ക വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്തി വിജ്ഞാപനം; യോഗി സർക്കാരിന് തിരിച്ചടി

യുപി: 18 പിന്നാക്ക ജാതികളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.പി സർക്കാരിന്റെ വിജ്ഞാപനം അലഹബാദ് ഹൈക്കോടതി റദ്ദാക്കി. പട്ടികജാതി പട്ടികയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് ജെ.ജെ മുനീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മജ്വാർ, കഹാർ, കശ്യപ്, കെവാത്ത്, മല്ല, നിഷാദ്, കുംഹാർ, പ്രജാപതി, ധീവർ, ബിന്ദ്, ഭാർ, രാജ്ഭർ, ധിമാൻ, ബതം, തുർഹ, ഗോഡിയ, മാഞ്ചി, മച്ചുവ തുടങ്ങി 18 പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. 2019 ജൂൺ 24 നാണ് ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2005 ൽ മുലായം സിംഗ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടി സർക്കാരും 2016 ൽ അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ്പിയും സമാനമായ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

അതേസമയം, ഹൈക്കോടതി ഉത്തരവിൽ ബിജെപി സർക്കാരിനെതിരെ എസ്പി രംഗത്തെത്തി. യോഗി ആദിത്യനാഥ് സർക്കാർ കേസ് കാര്യക്ഷമമല്ലാതെ കൈകാര്യം ചെയ്തതിനാലും കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ പിന്തുണയില്ലായ്മയും കാരണമാണ് ഇപ്പോൾ സംവരണം റദ്ദാക്കിയതെന്നും പാർട്ടി ട്വീറ്റിൽ വിമർശിച്ചു. ഏറ്റവും പിന്നാക്കം നിൽക്കുന്ന 18 ജാതികളെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് നിറവേറ്റിയിരുന്നു, അത് ബിജെപിയുടെ കേന്ദ്ര സർക്കാരാണ് തള്ളിക്കളഞ്ഞത്.