ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും ലോകസുന്ദരിയാകാം

ലോകസുന്ദരി പട്ടത്തിനായി ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും മത്സരിക്കാമെന്ന് തീരുമാനം. ചരിത്രപരമായ തീരുമാനം അടുത്ത വര്‍ഷം മുതല്‍ തന്നെ നടപ്പിലാകും. അതായത് 2023ല്‍ മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിവാഹിതരായ സ്ത്രീകള്‍ക്കും അമ്മമാരായ സ്ത്രീകള്‍ക്കുമെല്ലാം പങ്കെടുക്കാം. എന്നാല്‍ നിലവിലുള്ള പ്രായപരിധി അതുപോലെ തന്നെ തുടരും. 18 മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി.  ഇതുവരെയും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ള അവിവാഹിതകളും അമ്മമാര്‍ ആകാത്തവരുമായ സ്ത്രീകളെയാണ് ലോകസുന്ദരി പട്ടത്തിനായി പരിഗണിച്ചിരുന്നത്. ഈ നയത്തിനോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിപ്ലകരമായൊരു തീരുമാനം വന്നിരുന്നില്ലെന്ന് മാത്രം. ഇപ്പോള്‍ വന്നിരിക്കുന്ന തീരുമാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.  പുതിയ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും നേരത്തെയുള്ള നയം സ്ത്രീവിരുദ്ധമായിരുന്നുവെന്നും മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസ പറഞ്ഞു.