വൈദ്യുതക്ഷാമം; ഇസ്ലാമാബാദില്‍ ഇനി രാത്രി വിവാഹങ്ങള്‍ ഇല്ല

ഇസ്ലാമാബാദ്: രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ നടപടികളുമായി പാക് സർക്കാർ. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ ഇനി രാത്രി 10 മണിക്ക് ശേഷം വിവാഹ ആഘോഷങ്ങൾ നടക്കില്ല. സർക്കാർ തീരുമാനങ്ങൾ അംഗീകരിക്കാതെ വിവാഹാഘോഷം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യം വൈദ്യുതി ക്ഷാമം മാത്രമല്ല നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയായി മാറുകയാണ്. ഇത് മുന്നോട്ട് പോയാൽ ശ്രീലങ്ക നേരിട്ടത് പോലെ തന്നെ കനത്ത തിരിച്ചടിയാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ വ്യക്തിപരമായി ഇത്തരം തീരുമാനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

രാത്രി വിവാഹങ്ങളും വിവാഹ പാർട്ടികളും പാകിസ്ഥാനിൽ സാധാരണമാണ്. വിവാഹങ്ങളും റിസപ്ഷനുകളും പലപ്പോഴും രാത്രികാലങ്ങളിൽ ആർഭാടത്തോടെ നടക്കുന്നു. നൈറ്റ് പാർട്ടികളുടെ പ്രധാന ആകർഷണം അലങ്കാര വെളിച്ചമാണ്. വൈദ്യുതിയുടെ അമിത ഉപയോഗം ഇല്ലാതാക്കാനാണ് രാത്രിവിവാഹങ്ങൾ നിരോധിച്ചത്.