ഇനി വാട്ട്‌സ്ആപ്പില്‍ അഡ്മിനും നിങ്ങളുടെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാം

പുതിയ ലോകത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻ എന്നതും വലിയ ഉത്തരവാദിത്തമാണ്. ഗ്രൂപ്പിന്‍റെ പെരുമാറ്റച്ചട്ടത്തിന് അനുസൃതമല്ലാത്തതോ സമൂഹത്തെ മൊത്തത്തിൽ ദോഷം ചെയ്യുന്നതോ ആയ സന്ദേശങ്ങൾ നിയന്ത്രിക്കുകയും ഒഴിവാക്കുകയും ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പലരും തിരിച്ചറിഞ്ഞ സമയമാണിത്. ചില സന്ദേശങ്ങൾ നിയമപരമായ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തിൽ, വാട്ട്സ്ആപ്പിന്‍റെ ഒരു പുതിയ പതിപ്പ് അഡ്മിന് കൂടുതൽ ശക്തി നൽകുന്ന ഒരു പുതിയ മാറ്റവുമായി വരുന്നു.

സ്വന്തം സന്ദേശങ്ങള്‍ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ് പുതിയതായി വരാനിരിക്കുന്നത്. ബീറ്റാ ടെസ്റ്റുകളിലാണ് വാട്ട്സ്ആപ്പ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിന്‍റെ 2.22.17.12 പതിപ്പിലായിരിക്കും പുതിയ മാറ്റങ്ങൾ.

അഡ്മിനായിരിക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിങ്ങളല്ലാത്ത മറ്റൊരാളിൽ നിന്നുള്ള ഒരു സന്ദേശം പ്രസ്സ് ചെയ്യുമ്പോൾ ഡിലീറ്റ് ഫോർ ഓൾ ഓപ്ഷൻ കാണുമ്പോൾ, പുതിയ മാറ്റം നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും എത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കാം. അഡ്മിൻ ഒരു സന്ദേശം ഇല്ലാതാക്കുകയാണെങ്കിൽ, മുഴുവൻ ഗ്രൂപ്പ് അംഗങ്ങളും ഒരുപോലെ സന്ദേശം ഇല്ലാതാക്കിയതായി കാണും. നിശ്ചിത സമയത്തിനുള്ളിൽ അഡ്മിന് സന്ദേശം ഇല്ലാതാക്കാൻ കഴിയും.