‘ഇനി മകൾക്കൊപ്പം’; ജഗനെ വിട്ട് ശർമിളയ്‌ക്കൊപ്പം പോയി വിജയമ്മ

ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രസിഡന്‍റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ അമ്മയുമായ വിജയലക്ഷ്മി എന്ന വിജയമ്മ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. വിജയമ്മയുടെ മകൾ വൈ.എസ്.ശർമിള അയൽ സംസ്ഥാനമായ തെലങ്കാനയിൽ നയിക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഭാഗമാകാനാണ് രാജിവയ്ക്കുന്നതെന്ന് വിജയമ്മ പറഞ്ഞു. വെള്ളിയാഴ്ച ഗുണ്ടൂരിൽ നടന്ന പാർട്ടി പ്ലീനത്തിൽ സംസാരിക്കവേയാണ് വിജയമ്മ രാജി പ്രഖ്യാപിച്ചത്. അവരുടെ മകൻ വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

“വൈഎസ് രാജശേഖര റെഡ്ഡിയുടെ സ്വപ്നങ്ങൾ തെലങ്കാനയിലെ ജനങ്ങളിലേക്ക് എത്തിക്കാൻ ഒറ്റയ്ക്ക് പോരാടുന്ന എന്‍റെ മകൾ വൈഎസ് ശർമിളയ്ക്കൊപ്പം നിൽക്കുന്നതിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. അതിനാൽ, കുടുംബത്തിനുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് വൈഎസ്ആർസിപിയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചത്.

ജഗൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്‍റെ പ്രയാസകരമായ സമയങ്ങളിൽ ഞാൻ അദ്ദേഹത്തോടൊപ്പം നിന്നു. ഇപ്പോൾ അവനെ സംബന്ധിച്ചിടത്തോളം നല്ല സമയമാണ്. ഞാൻ ഇപ്പോൾ എന്‍റെ മകളുടെ കൂടെ നിന്നില്ലെങ്കിൽ എനിക്ക് കുറ്റബോധം തോന്നും. അതിനാൽ, എന്‍റെ മനസാക്ഷിയുടെ വാക്കുകൾ കേട്ട ശേഷം, ഞാൻ പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുന്നു. എന്‍റെ മകന്റെ അമ്മ എന്ന നിലയിലും ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കൊപ്പവും നിലനിൽക്കും”- വിജയമ്മ പറഞ്ഞു. 2021 ജൂലൈയിൽ ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി രൂപീകരിച്ചിരുന്നു.