ഇനി അഞ്ച് ചാറ്റുകൾ പിൻ ചെയ്യാം; പുതിയ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ്, മെസേജ് യുവർ സെൽഫ്, വാട്ട്സ്ആപ്പ് അവതാർ എന്നിവയുൾപ്പെടെ ആവേശകരമായ നിരവധി ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അനുദിനം ഒരു പുതിയ അപ്ഡേറ്റ് നൽകുന്ന തരത്തിലാണ് വാട്ട്സ്ആപ്പ് അപ്ഡേറ്റ് പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ വാർത്ത വാട്ട്സ്ആപ്പിലെ പിൻ ചാറ്റുകളും മാറുന്നു എന്നതാണ്. അതായത്, ഉപയോക്താക്കൾക്ക് ഇനി അഞ്ച് ചാറ്റുകൾ വരെ പിൻ ചെയ്യാൻ കഴിയും. ഈ ഫീച്ചർ നിലവിൽ ലഭ്യമല്ലെങ്കിലും, ആപ്പ് ഉടൻ തന്നെ ഇത് കൊണ്ടുവരും.

ഇതുവരെ മൂന്ന് ചാറ്റുകൾ മാത്രമാണ് വാട്സ്ആപ്പിൽ പിൻ ചെയ്യാൻ സാധിച്ചിരുന്നത്. എന്നിരുന്നാലും, WaBetaInfo പ്രകാരം, ഇത് അഞ്ച് വരെയാകാം. ചാറ്റ് പിൻ ഓപ്ഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വാട്ട്സ്ആപ്പ് ബിസിനസ്സ് അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. ഓരോ ദിവസവും വ്യത്യസ്ത ഗ്രൂപ്പുകളിൽ നിന്ന് ആയിരക്കണക്കിന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഗുണഭോക്താക്കൾക്ക് അവർക്ക് ആവശ്യമായ ഗ്രൂപ്പുകളോ ചാറ്റുകളോ പിൻ ചെയ്യാനും കഴിയും.

അതായത്, പ്രധാനപ്പെട്ട ചാറ്റുകൾ നിങ്ങളുടെ ചാറ്റ് ഫീഡിന് മുകളിൽ പിൻ ചെയ്യാം. ആപ്പ് തുറന്നാലുടൻ ഈ പിൻ ചെയ്ത ഗ്രൂപ്പുകളിൽ നിന്നോ കോൺടാക്റ്റുകളിൽ നിന്നോ വരുന്ന സന്ദേശങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തും. നിങ്ങളുടെ അശ്രദ്ധ കാരണം സന്ദേശങ്ങൾ മിസ്സ് ആകില്ലെന്ന് സാരം.