കേരളത്തിൽ വർഷംതോറും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിൽ ഓരോ വർഷവും നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് സുപ്രീം കോടതി. കേരളത്തിലെ പ്രശ്നം പ്രത്യേകതയുള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലാവരും നായ പ്രേമികളാണ്. എന്നാൽ ഒരു പ്രശ്നം ഉണ്ടെങ്കിൽ, അത് പരിഹരിക്കപ്പെടണം. ഇത് ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള ഹർജിയിൽ ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കൂടുതൽ പേർ കക്ഷികളായതിനാലും വാദം കേൾക്കാൻ കൂടുതൽ സമയം ആവശ്യമുള്ളതിനാലും കേസ് ഇന്നത്തേക്ക് മാറ്റിയതായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 

ഇന്നലെ ഉച്ചയോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ധാരാളം ഹർജികൾ വന്നിട്ടുണ്ട് എന്നതാണ്. വിശദമായ വാദങ്ങൾ കേട്ട ശേഷം ഇടക്കാല ഉത്തരവിലേക്ക് പോകേണ്ടതുണ്ട്. അതിനാൽ ഇന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അപകടകരമായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാൻ താൽക്കാലികമായെങ്കിലും അനുമതി നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണാതീതമായതോടെ അവയെ കൊല്ലാൻ അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തും സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്.