ഒറ്റ സിറിഞ്ചില്‍ 30 കുട്ടികള്‍ക്ക് വാക്‌സിൻ നൽകി നഴ്സ്

മധ്യപ്രദേശ്: മധ്യപ്രദേശിൽ നഴ്സ് ഒരു സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുട്ടികൾക്ക് വാക്സിൻ നൽകി. സാഗർ ജില്ലയിലെ ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് നഴ്സായ ജിതേന്ദ്ര കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വാക്സിൻ നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കൾ ചോദ്യം ചെയ്തു. എന്നാൽ വകുപ്പ് മേധാവി ഒരു സിറിഞ്ച് മാത്രം അയക്കുകയും അത് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ആവശ്യപ്പെട്ടത് തന്‍റെ തെറ്റല്ലെന്നും ജിതേന്ദ്ര പറഞ്ഞു.

“എനിക്കറിയാമായിരുന്നു ഒരിക്കൽ മാത്രമേ ഇത് ഉപയോഗിക്കേണ്ടതുള്ളൂ എന്ന്. ഇക്കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. പക്ഷേ, അത് വീണ്ടും ഉപയോഗിക്കുക എന്നതായിരുന്നു ഉത്തരം.” “ഇത് എങ്ങനെ എന്‍റെ തെറ്റാവും,” ജിതേന്ദ്ര പറഞ്ഞു, സംഭവത്തിൽ മാതാപിതാക്കൾ സ്കൂളിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരാണ് ഉത്തരവാദി? ഇതിന്‍റെ ഉത്തരവാദിത്തം സ്കൂളോ ആരോഗ്യവകുപ്പോ ഏറ്റെടുക്കുമോയെന്നും രക്ഷിതാക്കൾ ചോദിച്ചു.

ഒരു സമയം ഒരു സിറിഞ്ചും ഒരു സൂചിയും എന്ന കേന്ദ്ര സർക്കാരിന്റെ കൊവിഡ് വാക്സിൻ പ്രോട്ടോക്കോൾ ലംഘിച്ചതിന് ജിതേന്ദ്രയ്ക്കെതിരെ കേസെടുക്കാൻ സാഗർ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വാക്സിൻ വിതരണത്തിന്‍റെ ജില്ലാ ചുമതലയുള്ള ഡോ രാകേഷ് റോഷനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. തിരച്ചിൽ നടത്തിയെങ്കിലും ജിതേന്ദ്രയെ കണ്ടെത്താനായില്ല. ഇവരുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്.