മലയാളികളടക്കമുള്ള നഴ്സുമാരെ പിരിച്ചുവിട്ട നടപടി; പാർലമെന്‍റിന്‍റെ ശ്രദ്ധയിൽപെടുത്താൻ കേരളാ എംപിമാർ

ഡൽഹി: ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ 13 വർഷമായി കരാറിൽ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ 43 നഴ്സുമാരെ ട്രിബ്യൂണലിന്‍റെ ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ട സംഭവം പാർലമെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും.

ഉത്തരവിനെതിരെ നിയമനടപടിക്ക് പോലും സമയം നൽകാതെയായിരുന്നു ആശുപത്രിയുടെ തിടുക്കത്തിലുള്ള നീക്കം. സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഡീൻ കുര്യാക്കോസ് എം.പി ആരോഗ്യമന്ത്രിക്ക് കത്തയച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഡൽഹിയിൽ നഴ്സുമാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ കേന്ദ്രം മാനുഷിക നടപടി സ്വീകരിക്കണമെന്നും കേരളത്തിൽ നിന്നുള്ള എംപിമാർ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രിയെ കാണുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഓഫീസും പിരിച്ചുവിടൽ നടപടികളിൽ ഇടപെട്ടിട്ടുണ്ട്. നഴ്സുമാരുടെ പ്രതിനിധികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. 100 ലധികം ഒഴിവുകൾ നിലനിൽക്കെയാണ് ആശുപത്രിയുടെ ഇത്തരത്തിലുള്ള സമീപനം. ഇതിനെതിരെ നൽകിയ ഹർജി കേന്ദ്ര ട്രൈബ്യൂണൽ തള്ളിയിരുന്നു.