കോൺഗ്രസിന്റെ ഇഡി ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസിന്റെ ഇഡി ഓഫീസ് മാർച്ച് പോലീസ് തടഞ്ഞു. വനിതാ നേതാക്കളെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണ്. പൊലീസ് നടപടിക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് രാജ്യസഭാംഗം ജെബി മേത്തർ പറഞ്ഞു.

പ്രതിപക്ഷത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാമെന്ന് നരേന്ദ്ര മോദി സർക്കാർ കരുതേണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. രാവിലെ എഐസിസി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ വാർത്താസമ്മേളനം നടന്നു. എന്ത് വിലകൊടുത്തും രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഇഡി ഓഫീസിന് മുന്നിൽ മാർച്ച് നടത്തുമെന്നാണ് നേതാക്കളുടെ നിലപാട്.

എന്നാൽ, ഇഡി ഓഫീസ്, എഐസിസി ആസ്ഥാനം, രാഹുൽ ഗാന്ധിയുടെ വസതി എന്നിവ ഡൽഹി പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ഒരു തരത്തിലുമുള്ള പ്രതിഷേധവും ഇവിടെ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.