സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട സരിതയുടെ ഹര്‍ജി കോടതി തള്ളി
കൊച്ചി: സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി. രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഏജൻസിക്ക് മാത്രമേ നൽകാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തള്ളിയത്.
അന്വേഷണം പൂർത്തിയാകുന്നതുവരെ പകർപ്പ് ആർക്കും നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. സമാനമായ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് നേരത്തെ നൽകിയ ഹർജി തള്ളിയ കാര്യവും കോടതി പരാമർശിച്ചു.
സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിൽ തനിക്കെതിരെ പരാമർശമുണ്ടെന്നും അതിനാൽ മൊഴിയുടെ പകർപ്പ് ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്നും സരിത ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ഹർജി തള്ളിയപ്പോൾ സരിത പറഞ്ഞ അതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി സരിതയുടെ ഹർജി തള്ളിയത്. അതേസമയം കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയും കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഏജൻസിയല്ലെന്നും ഇ.ഡിയാണ് കേസിലെ അന്വേഷണ ഏജൻസിയെന്നും കോടതി പറഞ്ഞിരുന്നു. അതിനാൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ ആർക്കും പകർപ്പ് നൽകാൻ കഴിയില്ലെന്നും, പകർപ്പ് ലഭിക്കാൻ ഇഡിക്ക് മാത്രമേ അവകാശമുള്ളൂവെന്നും കോടതി പറഞ്ഞു. കേസന്വേഷണത്തിന് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യമാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.