ഇസ്രത്ത് ജഹാന്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് വർമ വിരമിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ പിരിച്ചുവിട്ടു. വകുപ്പുതല കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. നിലവിൽ കോയമ്പത്തൂരിൽ സിആർപിഎഫ് ഐ.ജി ആണ്.

2004 ജൂണിൽ അഹമ്മദാബാദിൽ വ്യാജ ഏറ്റുമുട്ടലിൽ ഇസ്രത്ത് ജഹാൻ, മലയാളിയായ സുഹൃത്ത് ജാവേദ് ഷെയ്ഖ്, രണ്ട് പാകിസ്ഥാൻ പൗരൻമാർ എന്നിവരെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെയും സി.ബി.ഐയുടെ സംഘത്തിലെയും അംഗമായിരുന്നു സതീഷ് വർമ്മ. 1986-ലെ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹമാണ് കേസില്‍ മുന്‍ ഡി.ജി.പി. പി.പി. പാണ്ഡെ, ഡി.ഐ.ജി. ഡി.ജി. വന്‍സാര തുടങ്ങിയ മുതിര്‍ന്ന ഐ.പി.എസുകാരെ അറസ്റ്റുചെയ്തത്. അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകാഞ്ഞതിനാൽ എല്ലാ പ്രതികളെയും വെറുതെ വിടുകയായിരുന്നു. സിബിഐ അപ്പീൽ നൽകിയതുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ വധിക്കാനെത്തിയ ചാവേർ സ്ക്വാഡിന്‍റെ ഭാഗമായിരുന്നു ഇസ്രത്ത് ഉൾപ്പെടെയുള്ളവർ എന്നാണ് സർക്കാർ പറയുന്നത്.

രാജ്യത്തിന് അപകീര്‍ത്തികരമായവിധത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, അനധികൃതമായി അവധികളില്‍ പ്രവേശിച്ചു, ജോലിയില്‍നിന്ന് വിട്ടുനിന്നു തുടങ്ങിയ ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരേ വര്‍മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പിരിച്ചുവിടല്‍ ഉത്തരവും കോടതിയിലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 30-നാണ് വര്‍മ വിരമിക്കേണ്ടത്. ഉത്തരവ് കോടതി അംഗീകരിച്ചെങ്കിലും 19-വരെ നടപ്പാക്കുന്നത് കോടതി തടഞ്ഞിരുന്നു. സതീഷ് വര്‍മ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.