അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞു

കൊച്ചി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയിലിന്‍റെ വില കഴിഞ്ഞ വർഷം മാർച്ചിലെ 139 ഡോളറിൽ നിന്ന് 84 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി 12 ഡോളറിന്‍റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ക്രൂഡ് ഓയിൽ വിലയിടിവിന് ആനുപാതികമായി പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറല്ല.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉയർന്ന പണപ്പെരുപ്പത്തെ നേരിടാൻ ഫെഡറൽ റിസർവിന്‍റെ പലിശ നിരക്ക് വർദ്ധനവും ലോക സമ്പദ്‍വ്യവസ്ഥ സൃഷ്ടിച്ച അനിശ്ചിതത്വവുമാണ് എണ്ണ വിലയിലെ ഇടിവിന് കാരണം. മാന്ദ്യത്തെ ഭയന്ന് എണ്ണ ഉപഭോഗം കുറഞ്ഞേക്കാമെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് വിലയിടിവ്. എണ്ണവില കുറയുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില ആനുപാതികമായി കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറല്ല. ലിറ്ററിന് 10 രൂപയെങ്കിലും കുറക്കാന്‍ ഇപ്പോള്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. 

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ദുർബലമാകുന്നതും ഡോളറിന്‍റെ മൂല്യം ഉയർന്നതുമാണ് വില കുറയാത്തതിന് കാരണമെന്ന് കമ്പനികൾ പറയുന്നു. ഡോളർ 82 രൂപയിലേക്ക് അടുക്കുമ്പോൾ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നുവെന്നതാണ് എണ്ണക്കമ്പനികളുടെ പ്രധാന ന്യായം. നിലവിലെ ലാഭം മുൻകാലങ്ങളിലെ നഷ്ടം നികത്താൻ ഉപയോഗിക്കുകയാണെന്നും ഇപ്പോൾ ഇന്ധന വില കുറച്ചാൽ അത് തിരിച്ചടിയാകുമെന്നും കമ്പനികൾ കരുതുന്നു.