കിംഗ് ദ്വീപിന്റെ തീരത്ത് എണ്ണത്തിമിം​ഗലങ്ങൾ ചത്ത നിലയിൽ

ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ കിംഗ് ദ്വീപിന്‍റെ തീരത്ത് 14 എണ്ണ തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ മരണകാരണം വ്യക്തമല്ല. ഓസ്ട്രേലിയയിലെ വന്യജീവി ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. 

മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിലെ ടാസ്മാനിയ സംസ്ഥാനത്തിന്‍റെ ഭാഗമായ കിംഗ് ദ്വീപിലാണ് എണ്ണ തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവയെ കണ്ടെത്തിയതെന്ന് സംസ്ഥാന പ്രകൃതിവിഭവ പരിസ്ഥിതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സ്ഥലം പരിശോധിക്കാനുമായി സർക്കാർ മറൈൻ കൺസർവേഷൻ പ്രോഗ്രാം ടീം ചൊവ്വാഴ്ച ദ്വീപിലേക്ക് പോയി. തിമിംഗലങ്ങളുടെ മരണകാരണം കണ്ടെത്താൻ സംഘം ജഡം പരിശോധിക്കും.