101 കി.മി റേഞ്ചുമായി ഒല എസ് 1 എയർ സ്‍കൂട്ടര്‍ അവതരിപ്പിച്ചു
ഒല ഇലക്ട്രിക്കിൽ നിന്നുള്ള എസ് 1 സീരീസിന്‍റെ മൂന്നാമത്തെ വകഭേദമായി എസ് 1 എയർ ഇലക്ട്രിക് സ്കൂട്ടർ രാജ്യത്ത് അവതരിപ്പിച്ചു. 79999 രൂപയാണ് ഇ-സ്കൂട്ടറിന്‍റെ പ്രാരംഭ വില. ഒക്ടോബർ 24 വരെ ഈ വിലയ്ക്ക് സ്കൂട്ടർ സ്വന്തമാക്കാം. ദീപാവലിക്ക് ശേഷം 84999 രൂപയാണ് വില.
പ്രധാനമായും എസ് 1, എസ് 1 പ്രോ എന്നിവയുടെ കൂടുതൽ താങ്ങാനാവുന്ന വകഭേദമാണിത്. പുതിയ ഇലക്ട്രിക് സ്കൂട്ടറിന്‍റെ ഡെലിവറികൾ 2023 ന്‍റെ ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പുതുതായി പുറത്തിറക്കിയ എസ് 1 എയർ ഇലക്ട്രിക് സ്കൂട്ടറിന്‍റെ പ്രധാന വിശദാംശങ്ങൾ ഇതാ.
സ്കൂട്ടറിന്‍റെ പവർട്രെയിനിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒല എസ് 1 എയറിന് 2.47 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇത് ഒല എസ് 1 പ്രോയിലെ 3.97 കിലോവാട്ട് ബാറ്ററിയേക്കാൾ ചെറുതാണ്. ബാറ്ററി പൂർണ്ണമായും ചാർജ്ജ് ചെയ്യാൻ ഏകദേശം 4.5 മണിക്കൂർ എടുക്കും. 4.5 കിലോവാട്ട് മോട്ടോറാണ് ഒല എസ് 1 എയറിന് കരുത്തേകുന്നത്. ഈ എൻട്രി ലെവൽ വേരിയന്‍റ് ഇക്കോ മോഡിൽ 101 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഹോം ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറും 30 മിനിറ്റും കൊണ്ട് ബാറ്ററി പാക്ക് പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും.