നിരോധനത്തിന് പിന്നാലെ നിരക്കുകള്‍ കുറച്ച് ഒലയും ഊബറും

കർണാടക: ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള ഓട്ടോ, ബൈക്ക് സേവനങ്ങൾ കർണാടക സർക്കാർ നിരോധിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാന ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൂന്ന് ദിവസത്തിനുള്ളിൽ സേവനങ്ങൾ അവസാനിപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരു നഗരത്തിൽ ഊബർ ഉൾപ്പെടെയുള്ള ഓൺലൈൻ ഓട്ടോകൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനം. രണ്ട് കിലോമീറ്ററിന് മിനിമം ചാർജ് 30 രൂപയാണെങ്കിലും ആപ്ലിക്കേഷനുകൾ 100 രൂപ വരെ ഈടാക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിൽ 40 രൂപയും ആപ്പുകളുടെ കമ്മിഷനാണ്. നിരോധനത്തെ തുടർന്ന് ഒലയും ഊബറും നിരക്ക് 30 രൂപയായി കുറച്ചു.

2016ലെ ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ഓൺലൈൻ ടാക്സികൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഓട്ടോറിക്ഷകളെ നിയമത്തിൽ ഉൾപ്പെടില്ലെന്നും കാറുകൾ മാത്രമേ ടാക്സികളായി പരിഗണിക്കുകയുള്ളൂവെന്നും കർണാടക ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അതേ സമയം ബെംഗളൂരുവിലെ ഓട്ടോറിക്ഷാ യൂണിയന്‍ നമ്മ യാത്രി എന്ന പേരില്‍ സ്വന്തമായി ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നവംബർ ഒന്നിന് ആപ്പ് പുറത്തിറക്കും. പിക്ക് അപ്പ് ചാർജുകൾ ഉൾപ്പെടെ 2 കിലോമീറ്ററിന് 40 രൂപയാണ് നമ്മ യാത്രി ഈടാക്കുന്നത്.