ഒൻപതാം ദിനം ഇന്ത്യ നേടിയത് രണ്ട് വെള്ളി

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിന്‍റെ ഒമ്പതാം ദിവസം ഇന്ത്യ രണ്ട് മെഡലുകൾ നേടി. 10 കിലോമീറ്റർ റേസ് വാക്കിൽ പ്രിയങ്ക ഗോസ്വാമിയും, പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെയും വെള്ളി നേടി. അവിനാഷിന്‍റെ നേട്ടം ഒരു ദേശീയ റെക്കോർഡാണ്. ബോക്സിങ്ങിൽ അമിത് പംഗൽ (പുരുഷൻമാരുടെ ഫ്ളൈവെയ്റ്റ്), നീതു ഗംഗസ് (വനിതാ വിഭാഗം) എന്നിവർ ഫൈനലിൽ പ്രവേശിച്ചു. നിഖാത് സറീൻ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ സെമിയിൽ പ്രവേശിച്ചു.

ഗുസ്തിയിലും ഒൻപതാം ദിവസം മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുസ്തിയിൽ ഇന്ത്യ മൂന്ന് സ്വർണ മെഡലുകൾ നേടിയിരുന്നു. വനിതാ വിഭാഗത്തിൽ വിനേഷ് ഫോഗട്ടും പുരുഷ വിഭാഗത്തിൽ രവി കുമാർ ദഹിയയും ഇന്ന് കളിക്കും. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പാക്കിസ്ഥാന്‍റെ ആസാദ് അലിയെ പരാജയപ്പെടുത്തിയാണ് രവി കുമാർ ദഹിയ ഫൈനലിൽ പ്രവേശിച്ചത്.

ശനിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ദക്ഷിണാഫ്രിക്കയെ നേരിടും. ബാഡ്മിന്‍റൺ സിംഗിൾസിൽ പിവി സിന്ധു സെമിയിൽ കടന്നു. സെമി ഫൈനൽ മത്സരം ഞായറാഴ്ച നടക്കും. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവരും സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ കളിക്കും. ടേബിൾ ടെന്നീസിൽ അചന്ത ശരത് കമൽ, മണിക ബത്ര എന്നിവരും കളിക്കും.