സിൽവർലൈനിൽ ഓൺലൈൻ സംവാദം; ഫെയ്സ്ബുക്ക്, യൂട്യൂബ് വഴി ചോദ്യങ്ങൾ ചോദിക്കാം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി ഒരു ഓൺലൈൻ സംവാദവുമായി കെറെയിൽ. ‘ജനസമക്ഷം സിൽവർ ലൈൻ’ എന്ന തത്സമയ സംവാദത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകും. കെ റെയിലിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റുകളായി ചോദ്യങ്ങൾ ചോദിക്കാം.

പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓൺലൈൻ ചർച്ച. നേരത്തെ 14 ജില്ലകളിൽ മന്ത്രിമാരുടെ പങ്കാളിത്തത്തോടെ ‘ജനസമക്ഷം’ എന്ന പേരിൽ സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പം ഇപ്പോൾ ഒരു ഓൺലൈൻ സംവാദവും സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കാണ് ആദ്യ പരിപാടി.

അതേസമയം, കെ-റെയിൽ വിഷയത്തിൽ കേന്ദ്രത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കെ റെയിലിൽ കേന്ദ്രാനുമതി ലഭിച്ച ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.