‘തിരുവനന്തപുരത്തെ പോലെ മലബാറിലും ഓണാഘോഷം; മലബാർ മഹോത്സവം പുനരാരംഭിക്കും’
കോഴിക്കോട്: തലസ്ഥാനത്തെ ഓണാഘോഷത്തിന് സമാനമായി മലബാർ മേഖലയിലും ഓണാഘോഷം നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരിക്ക് സമാനമായി ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കോഴിക്കോട്ട് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
കൊവിഡിന്‍റെ കാഠിന്യത്തെ അതിജീവിക്കാനും ജനങ്ങൾക്ക് മാനസിക ശക്തി നൽകാനും ഓണാഘോഷത്തിന് കഴിയണം. ജില്ലയിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യമായ നടപടികൾ സ്വീകരിക്കണം. ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മലബാർ മഹോത്സവം ഭാവിയിൽ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കും. ബീച്ച് ടൂറിസം പദ്ധതി വിപുലീകരിക്കും. മലബാർ മേഖലയിൽ ജല ടൂറിസത്തിന്‍റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ചാലിയാർ പുഴയിൽ വള്ളംകളി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.