ഓണം: സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം സർവീസ് പെൻഷൻകാർക്കും വിരമിച്ച ജീവനക്കാർക്കും 1,000 രൂപ പ്രത്യേക ഉത്സവബത്ത നൽകും.
എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ നൽകും. പാർട്ട് ടൈം കണ്ടിൻജന്‍റ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് 6,000 രൂപയാണ് അഡ്വാൻസ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും ഈ വർഷവും ഇതേ നിരക്കിൽ ഉത്സവബത്ത ലഭിക്കും.
ഓണത്തോടനുബന്ധിച്ച് 13 ലക്ഷത്തിലധികം ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് പ്രത്യേക സഹായം എത്തുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.