കാപ്പന്റെ രാഷ്ട്രീയത്തോട് വിയോജിക്കാം, അദ്ദേഹത്തോട് കാണിച്ച അനീതിയോട് യോജിക്കാനാവില്ല; കെ ടി ജലീല്‍

മലപ്പുറം: സിദ്ദീഖ് കാപ്പന്‍റെ രാഷ്ട്രീയത്തോട് ശക്തമായി വിയോജിക്കാൻ കഴിയും, പക്ഷേ അദ്ദേഹത്തെ അന്യായമായി രണ്ട് വർഷം ഇരുട്ടിൽ പാർപ്പിച്ച കടുത്ത അനീതിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് കെ ടി ജലീൽ എം.എൽ.എ. മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ച വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂട ഭീകരതയോടുള്ള സുപ്രീം കോടതിയുടെ കടുത്ത സമീപനം അങ്ങേയറ്റം പ്രതീക്ഷയ്ക്ക് വക നൽകുന്നു. കാപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ച ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് യുപി പൊലീസിനെതിരെ ഉയർത്തിയ രൂക്ഷ വിമർശനം നീതിന്യായ ചരിത്രത്തിലെ രജതരേഖയാണെന്ന് നിസംശയം പറയാം, ജലീൽ പറഞ്ഞു.

സിദ്ദീഖ് കാപ്പൻ വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ ഔദ്യോഗിക കൂട്ടായ്മ നടത്തിയ ഫലപ്രദമായ ഇടപെടൽ അഭിനന്ദനാർഹമാണ്. ചെയ്ത കുറ്റമെന്താണെന്ന് പോലും അറിയാതെ വര്‍ഷങ്ങളായി ഇരുമ്പഴികള്‍ക്കുളളില്‍ കഴിയുന്ന പാവം മനുഷ്യരുടെ മോചനത്തിന് രാജ്യവ്യാപകമായി ഒരു നിയമ സഹായ സമിതിക്ക് രൂപം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, ബൃന്ദാകാരാട്ടും കപില്‍ സിബലും ഇ.ടി. മുഹമ്മദ് ബഷീറും അതിന് നേതൃത്വം നല്‍കണമെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.