‘ഒരു രാജ്യം ഒരു വളം’; പുതിയ പദ്ധതിയുമായി കേന്ദ്രം

ഡൽഹി: രാജ്യത്തുടനീളം വളം ബ്രാൻഡുകളുടെ ഏകീകരണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനം. എല്ലാ വളം നിർമ്മാണ കമ്പനികളുടെയും ഉൽപ്പന്നങ്ങൾ ‘ഭാരത്’ എന്ന ഒരൊറ്റ ബ്രാൻഡിന് കീഴിൽ വിൽക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

ഈ നിർദ്ദേശം നടപ്പിലാകുന്നതോടെ യൂറിയ, ഡിഎപി, എംഒപി, എൻപികെ തുടങ്ങിയ എല്ലാത്തരം വളങ്ങളും ‘ഭാരത് യൂറിയ’, ‘ഭാരത് ഡിഎപി’, ‘ഭാരത് എംഒപി’ എന്നിങ്ങനെ പുനർനാമകരണം ചെയ്യും. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വളം ഉൽപ്പന്നങ്ങൾ ഇതിന്‍റെ പരിധിയിൽ കൊണ്ടുവരും.

പുതിയ തീരുമാനം വളം ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് മൂല്യത്തെയും വിപണി വ്യത്യാസത്തെയും നശിപ്പിക്കുമെന്ന് വളം കമ്പനികൾ പറഞ്ഞു. രാസവളങ്ങൾക്കും കമ്പനികൾക്കും കേന്ദ്ര സർക്കാർ വാർഷിക സബ്സിഡി നൽകുന്ന പ്രധാനമന്ത്രി ഭാരതീയ ജനൂർവരക് പരിയോജന (പിഎംബിജെപി) പദ്ധതിയുടെ ബ്രാൻഡ് നാമവും ലോഗോയും വളം ചാക്കുകളിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.