ലോകത്ത് എട്ടിലൊരാൾ കുടിയേറ്റക്കാരനെന്ന് ഡബ്ല്യു.എച്ച്.ഒ
ധാക്ക: ലോക ജനസംഖ്യയിൽ നൂറുകോടിയിലേറെപ്പേർ അല്ലെങ്കിൽ എട്ടിലൊരാൾ കുടിയേറ്റക്കാരെന്ന് ലോകാരോഗ്യസംഘടന.അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 28.1 കോടിയിലേറെയാണ്. കോടിക്കണക്കിന് ആളുകൾക്ക് സ്വന്തമെന്ന് പറയാൻ ഒരു രാജ്യമില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന അസമത്വം, സംഘർഷങ്ങൾ, മനുഷ്യക്കടത്ത്, ജനസംഖ്യാ വർദ്ധനവ് എന്നിവ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിൽ നടക്കുന്ന ഗ്ലോബൽ സ്കൂൾ ഓൺ റെഫ്യൂജി ആൻഡ് മൈഗ്രന്‍റ് ഹെൽത്തിന്‍റെ മൂന്നാം പതിപ്പിന്‍റെ ഭാഗമായാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വിശദീകരിച്ചത്. അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും ആരോഗ്യത്തിനുള്ള അവകാശം ഉറപ്പാക്കാൻ ആഗോള ആരോഗ്യ പ്രവർത്തകർക്ക് കഴിയണമെന്നും പറയുന്നു.
“കുടിയേറ്റവും പലായനവും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. സാംസ്കാരികവും ഭാഷാപരവുമായ വ്യത്യാസങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വിവേചനം എന്നിവ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ലഭിക്കുന്നത് തടസ്സപ്പെടുത്തുന്നു,” ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.