നാവിന് പകരം ഒരു വയസ്സുകാരന് ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ

ചെന്നൈ: മധുര രാജാജി സർക്കാർ ആശുപത്രിയിൽ ഒരു വയസുകാരനെ നാവിന് പകരം ജനനേന്ദ്രിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിരുദുനഗർ ജില്ലയിലെ സത്തൂരിൽ താമസിക്കുന്ന അജിത് കുമാറിന്‍റെയും കാർത്തികയുടെയും മകനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. നാവ് വികസിക്കാത്തതിനാൽ ജനിച്ചയുടൻ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ഒരു വയസ്സ് പൂർത്തിയായ ശേഷം ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്നും നിർദ്ദേശിച്ചു. ഈ ശസ്ത്രക്രിയയിലാണ് പിഴവുണ്ടായത്. ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ അബദ്ധം മനസിലാക്കി നാവിലും ശസ്ത്രക്രിയ നടത്തി. രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും കുട്ടി ആരോഗ്യവാനാണ്.

മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ജനനേന്ദ്രിയത്തിൽ ആദ്യം ശസ്ത്രക്രിയ നടത്തിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ഈ ശസ്ത്രക്രിയയെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കുട്ടിയുടെ അച്ഛൻ അജിത് കുമാർ പറഞ്ഞു.