ഓൺലൈൻ ആസിഡ് വിൽപ്പന; ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ്

ഇ-കൊമേഴ്സ് ഭീമൻമാരായ ഫ്ലിപ്പ്കാർട്ടിനും മീഷോയ്ക്കും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് നൽകി. ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം വിശദമായ മറുപടി നൽകാൻ ഇ-കൊമേഴ്സ് കമ്പനികൾക്ക് സിസിപിഎ നിർദ്ദേശം നൽകി.

അടുത്തിടെ ഡൽഹിയിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടന്നിരുന്നു. ആ സമയത്ത് അക്രമി ഉപയോഗിച്ച ആസിഡ് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയതാണെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെയാണ് സിസിപിഎ ഇരു കമ്പനികൾക്കും നോട്ടീസ് നൽകിയത്.

ഡിസംബർ 14നാണ് ദാരുണമായ സംഭവം നടന്നത്. പതിവുപോലെ, സഹോദരിയുടെ കൈപിടിച്ച് ഡൽഹിയിലെ ദ്വാരകയിലൂടെ സ്കൂളിലേക്ക് നടക്കുകയായിരുന്നു പതിനേഴുകാരി. ബൈക്കിലെത്തിയ രണ്ടുപേർ ഇവർക്കരിലേക്ക് വണ്ടിയടുപ്പിച്ച് ആസിഡ് പോലൊരു ദ്രാവകം മുഖത്തേക്ക് ഒഴിച്ച് കടന്നുകളയുകയായിരുന്നു.