സ്വര്‍ണക്കടത്ത് കേസുകളിൽ 10 വർഷത്തിനിടെ ജയിലില്‍ പോയത് വെറും 14 പേർ

മലപ്പുറം: കേരളത്തിൽ സ്വർണക്കടത്ത് ദൈനംദിന വാർത്തയാണ്. എന്നാൽ പിടിക്കപ്പെടുന്നവർ എല്ലാം അകത്താകാറുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കഴിഞ്ഞ 10 വർഷത്തിനിടെ 14 പേരെ മാത്രമാണ് സ്വർണക്കടത്ത് കേസിൽ ജയിലിലടച്ചത്. വിവരാവകാശ നിയമപ്രകാരം കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2012 മുതൽ 2022 വരെ 3,171 പേരെയാണ് കേസിൽ പ്രതിചേർത്തത്. 2013ൽ നാലും 2015ൽ രണ്ടും 2016ൽ ആറും പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സ്വർണക്കടത്ത് മാഫിയയുടെ തന്ത്രപരമായ നീക്കമാണിതിന് പിന്നിൽ. ഒരു കോടി രൂപയിൽ താഴെ വിലവരുന്ന സ്വർണം കടത്തിയാൽ വിചാരണ നടപടികൾ ഒഴിവാക്കുക എന്നതാണ് കസ്റ്റംസ് വകുപ്പിന്‍റെ രീതി. സ്വർണ്ണം കണ്ടുകെട്ടും. പിഴയും ചുമത്തും. വിചാരണയില്ലാത്തതിനാൽ ജയിൽ ശിക്ഷ ഉണ്ടാകില്ല. ഇതറിയുന്ന കടത്തുകാരും പിന്നണിക്കാരും 99 ലക്ഷം രൂപ വരെ മാത്രം വിലവരുന്ന സ്വർണം കടത്താൻ ശ്രദ്ധിക്കും.

2012 നും 2022 നും ഇടയിൽ കൊച്ചി ഒഴികെയുള്ള കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് 1,618.55 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. തിരുവനന്തപുരം – 233.37 കിലോഗ്രാം, കോഴിക്കോട് – 1205.21 കിലോഗ്രാം, കണ്ണൂർ – 179.97 കിലോഗ്രാം. റോഡ് വഴി 276.22 കിലോഗ്രാം കൂടി പിടിച്ചെടുത്തു. എന്നാൽ കടത്തുകാരിൽ ബഹുഭൂരിപക്ഷവും അകത്തായില്ല. കാരണം കടത്തിൻ്റെ ഭൂരിഭാഗവും ഒരു കോടി രൂപയിൽ താഴെയാണ്.