കോവിഡ് ​മരണ പ്രത്യേക ധനസഹായം ലഭിച്ചത് അപേക്ഷകരിൽ 16 ശതമാനത്തിന് മാത്രം

തി​രു​വ​ന​ന്ത​പു​രം: കൊവിഡ് ബാധിച്ച് മരിച്ച ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 5,000 രൂപയുടെ പ്രതിമാസ സഹായം ലഭിച്ചത് 16 ശതമാനം പേർക്ക് മാത്രം. ലഭിച്ച 26,589 അപേക്ഷകളിൽ 4,307 പേർക്കാണ് സഹായം ലഭിച്ചത്. 6926 അ​പേ​ക്ഷ​ക​ൾ സമാ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​നാ​യി അംഗീകരിച്ചിട്ടുണ്ടെങ്കിലും 2619 പേ​ർ​ക്ക്​ ന​ൽ​കി​യി​ട്ടി​ല്ല. 13,334 അപേക്ഷകൾ നിരസിച്ചതായും ബാക്കിയുള്ളവ പരിശോധിച്ചുവരികയാണെന്നും സർക്കാർ വിശദീകരിച്ചു.

കൊവിഡ് ബാധിച്ച് മരിച്ചയാളെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് മൂന്ന് മാസത്തേക്ക് 5,000 രൂപ വീതം നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചത്. 2021 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം. തുടർന്ന് ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആവശ്യമായ തുക വഹിക്കാനും തീരുമാനിച്ചു. എന്നിരുന്നാലും, നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് കണക്കുകൾ അടിവരയിടുന്നു.

സാമൂഹികക്ഷേമ-ക്ഷേമനിധി പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ലെന്നും അപേക്ഷ നടപടികൾ ലളിതമാണെന്നുമാണ് സർക്കാർ പറഞ്ഞിരുന്നത്. പരമാവധി 30 പ്രവൃത്തി ദിവസത്തിനുള്ളിൽ ആനുകൂല്യം നൽകുമെന്നും പറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ അപേക്ഷകർ തലസ്ഥാന ജില്ലയിലും (8871 പേർ), ഏറ്റവും കുറവ് അപേക്ഷകരുള്ളത് വയനാട്ടിലുമാണ് (251 പേർ). അംഗീക​രി​ച്ച​തി​ൽ മു​ന്നി​ൽ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലാ​ണ്​ (1032). ആദ്യ തീരുമാനത്തിന് ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതാണ് അപേക്ഷകൾ കൂടുതൽ നിരസിക്കപ്പെടാനുള്ള കാരണം.