ചരക്ക് ഗതാഗതത്തിന് ഇനി ഓൺലൈൻ രജിസ്ട്രേഷൻ മാത്രം
ന്യൂഡല്‍ഹി: സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്ട്രേഷൻ ഇനി ഓൺലൈനായി മാത്രം നടത്തണമെന്ന് റെയിൽവേ മന്ത്രാലയം ശുപാർശ ചെയ്തു. നവംബർ ഒന്നു മുതൽ പുതിയ നിർദേശം നടപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചരക്കുനീക്കവും, സൈന്യത്തിന്‍റെ സാധനങ്ങളും അധികൃതർ തീരുമാനിക്കുന്ന മറ്റ് സാഹചര്യങ്ങളിലും ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല.
ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ചരക്ക് ഗതാഗതത്തിനായി റെയിൽവേ ക്ലാർക്കുകളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് വാഗണുകൾ ബുക്ക് ചെയ്യുന്ന സമ്പ്രദായം അവസാനിക്കും. പുതിയ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
പലപ്പോഴും, രജിസ്ട്രേഷൻ പ്രക്രിയയിലെ കാലതാമസം പല തിരക്കേറിയ സ്ഥലങ്ങളിലും ലോഡിംഗ് വൈകാൻ കാരണമാകുന്നു. ഓൺലൈൻ സംവിധാനം നടപ്പിലാകുന്നതോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ കഴിയും. പാർക്കിംഗ് ലോട്ട് പ്രവർത്തനങ്ങൾ, പാഴ്സൽ സ്പേസ്, കൊമേഴ്സ്യൽ പബ്ലിസിറ്റി തുടങ്ങിയ നോൺഫെയർ വരുമാന കരാറുകൾക്കായി അപേക്ഷിക്കുന്നതിനും നൽകുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും റെയിൽവേ മന്ത്രാലയം അടുത്തിടെ ഡിജിറ്റലൈസ് ചെയ്തിരുന്നു.