ഒൺലി ഫാൻസിൽ ചിത്രം പങ്കിട്ടു; മ്യാൻമറിൽ മോഡലിന് 6 വർഷം തടവ്

മ്യാൻമർ : അഡൾട്ട് സബ്സ്ക്രിപ്ഷൻ സൈറ്റായ ഓൺലി ഫാൻസ്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ചിത്രം പങ്കിട്ടതിന് മ്യാൻമറിലെ യുവ മോഡലിന് ആറ് വർഷം തടവ് ശിക്ഷ. മോഡലും മുൻ ഡോക്ടറുമായ നാം​ഗ് മേ സാനിനെ ആണ് അറസ്റ്റ് ചെയ്തത്. ‘സംസ്കാരത്തിനും മഹത്വത്തിനും വിഘാതമേൽപ്പിച്ചു’ എന്ന് ആരോപിച്ചാണ് അറസ്റ്റ്. രണ്ടാഴ്ച മുമ്പാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്.

2021 ൽ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സൈനികരെ നാംഗ് വിമർശിക്കുക​യും ചെയ്തിരുന്നു. ഒൺലി ഫാൻസിൽ ചിത്രം പങ്കുവച്ചതിന് മ്യാൻമറിൽ അറസ്റ്റിലായ ആദ്യ വ്യക്തിയാണ് നാം​ഗ്. 

ഓഗസ്റ്റിൽ, മ്യാൻമറിലെ സൈനിക ഭരണത്തിനെതിരായ പ്രതിഷേധത്തിന്‍റെ ചിത്രം പങ്കിട്ടതിന് മറ്റൊരു മോഡലിനെയും അറസ്റ്റ് ചെയ്തിരുന്നു. നാം​ഗിനെതിരെ ചുമത്തിയിരിക്കുന്ന അതേ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തിൻസാർ വിന്റ് ക്യാവ് എന്ന മോഡലിന്റെ വിചാരണ ഒക്ടോബറിൽ തുടങ്ങുമെന്നാണ് കരുതുന്നത്.