ഓപ്പറേഷൻ താമര ആരോപണം; തുഷാര്‍ വെള്ളാപ്പള്ളിയുടെ ശബ്ദരേഖ പുറത്തുവിട്ട് ടിആര്‍എസ്
ഹൈദരാബാദ്: എംഎല്‍എമാർക്ക് പണം നൽകി കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തെലങ്കാന രാഷ്ട്രസമിതി തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടു. ബിജെപി സംഘടനാ ചുമതലയുള്ള ബി.എല്‍ സന്തോഷുമായി സംസാരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. ഏജന്റുമായി സംസാരിക്കുന്ന ശബ്ദരേഖയെന്നാണ് ടിആര്‍എസിന്റെ അവകാശവാദം.
ബി.എല്‍ സന്തോഷുമായി സംസാരിച്ച ശേഷം ഒരു തിയതി അറിയിക്കാമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അഭിസംബോധന ചെയ്ത് തുടങ്ങുന്ന ഓഡിയോയിലുള്ളത്. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഓഡിയോയിൽ പറയുന്നുണ്ട്.
4 എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് ടിആര്‍എസ് ഉന്നയിച്ച ആരോപണം. തുഷാറാണ് അഹമ്മദാബാദിലിരുന്ന് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആര്‍ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തെളിവുകൾ തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറി. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം.