ഓപ്പറേഷന്‍ ശുഭയാത്ര: ഇനി 24 മണിക്കൂറും സേവനം ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ്സ്സും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ശുഭ യാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും ഇ-മെയിൽ ഐഡികളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാസി മലയാളികൾക്ക് ഇനി വിദേശ രാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്‍റുകളും വിസ തട്ടിപ്പുകളും സംബന്ധിച്ച് നേരിട്ട് പരാതി നൽകാം. പ്രവാസികൾക്ക് spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പരാതികൾ അറിയിക്കാം.

വിദേശത്ത് വിസ തട്ടിപ്പുകളും തൊഴിൽ തട്ടിപ്പുകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ്സ്, കേരള പോലീസ് എന്നിവരുടെ സംയുക്ത യോഗം നേരത്തെ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പറേഷൻ ശുഭയാത്ര നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

നിലവിൽ വ്യാജ റിക്രൂട്ട്മെന്‍റിലൂടെയും മനുഷ്യക്കടത്തിലൂടെയും വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യൻ എംബസിയുടെയും പ്രവാസി സംഘടനകളുടെയും സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികളാണ് നോർക്ക വകുപ്പും നോർക്ക റൂട്ട്സും സ്വീകരിക്കുന്നത്. അനധികൃത റിക്രൂട്ട് മെന്‍റ്, വിസ തട്ടിപ്പ് എന്നിവയ്‌ക്കെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ പ്രവാസികൾക്ക് നേരിട്ട് പരാതി നൽകാനും നിയമനടപടികൾ സ്വീകരിക്കാനും വിപുലമായ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.