വലിയ അപകടം ഉണ്ടായാൽ മാത്രം പരിശോധന ശക്തമാക്കുന്ന എംവിഡി രീതി മാറണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ഇടിച്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധന ശക്തമാക്കുന്ന രീതിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് മാറണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകൾ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
‘അങ്ങേയറ്റം വേദനാജനകമായ വാർത്തയാണ് പുലർച്ചെ കേട്ടത്. സ്കൂൾ വിദ്യാർഥികളുമായി വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ഇടിച്ച് 5 കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ’
ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് മണിക്കൂറിൽ 97.2 കിലോമീറ്ററായിരുന്നു വേഗത. വേഗപ്പൂട്ട് നിർബന്ധമാക്കുന്ന നിയമം നിലനിൽക്കെ ഈ ബസിന് വേഗത കൂട്ടാൻ എങ്ങനെ സാധിച്ചു? മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന കൂടുതൽ ശക്തമാക്കണം. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധന ശക്തമാക്കുന്ന സമ്പ്രദായത്തിൽ നിന്ന് മാറി നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാവണം. ടൂറിസ്റ്റ് ബസിനെതിരെ നിയമം ലംഘിച്ചതിന് മുമ്പ് കേസുകൾ നിലവിലുണ്ട്. നിരോധിത ലൈറ്റുകൾ, വലിയ ശബ്ദ ക്രമീകരണങ്ങൾ, എയർ ഹോണുകൾ എന്നിവ ഉപയോഗിച്ച് ടൂറിസ്റ്റ് ബസുകൾ റോഡുകളിൽ ചീറി പായുകയാണ്. ഇത്തരം അപകടങ്ങൾ കൂടുതൽ ഉണ്ടാകാതിരിക്കാൻ വിവിധ വകുപ്പുകൾ നടപടി സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു.