പ്രതിപക്ഷനേതാവ് എല്ലാവരേയും പോയി തോണ്ടിയിട്ട് തിരിച്ചുകിട്ടുമ്പോള്‍ കരയുന്ന കുട്ടിയെപ്പോലെ: റിയാസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷനേതാവ് എല്ലാവരേയും പോയി തോണ്ടിയിട്ട് ഒരിക്കല്‍ തിരിച്ചുകിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്ന കുട്ടിയെപ്പോലെയാണെന്ന് മന്ത്രി പറഞ്ഞു. ലഭിച്ച മറുപടിയുടെ ഹാങ്ങോവർ വി ഡി സതീശന് മാറിയിട്ടില്ല. പ്രതിപക്ഷ നേതാവ് ക്രിയാത്മകമായി വിമർശനങ്ങൾ നടത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

സർക്കാർ മുന്നോട്ട് കൊണ്ടുവരുന്ന വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് ആ സമീപനം തിരുത്തണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ലെന്ന് മനസ്സിലാക്കണം. കുതിര കയറരുത്. ക്രിയാത്മകമായ ഏത് വിമർശനവും ആരിൽ നിന്നും സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ചെറുപ്പത്തിൽ, എനിക്ക് ഒരു വികൃതി സുഹൃത്ത് ഉണ്ടായിരുന്നു. അവൻ എല്ലാ ദിവസവും എല്ലാവരേയും പോയി തോണ്ടും, ഉപദ്രവിക്കും. ഒരു ദിവസം ഒരു കുട്ടി തിരിച്ച് ആക്രമിച്ചു. തിരിച്ചുകിട്ടിയതോടെ അവൻ വല്ലാതെ കരഞ്ഞു. ടീച്ചറോട് പറഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു, എല്ലാവരേയും നീ ആക്രമിക്കുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മിക്കണം. ഇത് ആ സ്പിരിറ്റില്‍ എടുക്കണം എന്ന്. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനകളില്‍ ആ വികൃതിക്കുട്ടിയെ കാണാൻ കഴിയും, മുഹമ്മദ് റിയാസ് പറഞ്ഞു.