‘പ്രതിപക്ഷം മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കുന്നു’

തിരുവനന്തപുരം: റോഡിലെ കുഴികളിൽ കാലാവസ്ഥയെ പഴിചാരി രക്ഷപ്പെടുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡായാൽ തകരുമെന്ന ന്യായവും പറയുന്നില്ല. ഒഴികഴിവുകൾ പറയുന്നതല്ല സർക്കാരിന്റെ സമീപനം. നെടുമ്പാശേരിയിൽ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. മരണത്തിൽ പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.

അടിസ്ഥാനരഹിതമായ പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. മഴക്കാലത്തിന് മുമ്പുള്ള പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ വർഷം പൊതുമരാമത്ത് വകുപ്പ് 322.16 കോടി രൂപയാണ് മഴക്കാലപൂർവ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. പ്രീ മൺസൂണിന് പുറമേ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കുകയാണ്.

ഇത് നമ്മൾ ചർച്ച ചെയ്യുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. അതായത് റോഡ് നിർമ്മാണം കഴിഞ്ഞ് ഏകദേശം രണ്ട് വർഷത്തോളമുളള പരിപാലന കാലയളവിൽ റോഡിന് അറ്റകുറ്റപ്പണി വന്നാൽ ബന്ധപ്പെട്ട കരാറുകാർ സ്വന്തം ചെലവിൽ റോഡ് നന്നാക്കണം. ഈ പരിപാലന കാലാവധി കഴിഞ്ഞ റോഡുകളാണ് കേരളത്തിൽ പലയിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആ റോഡുകളിൽ കുഴികളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ, ടെൻഡർ വിളിച്ച് ജനങ്ങൾക്ക് നൽകുമ്പോഴേക്കും ധാരാളം അപകടങ്ങളും പ്രശ്നങ്ങളും ഉണ്ടാകും,മന്ത്രി പറഞ്ഞു.