സമസ്ത അടക്കമുള്ള സംഘടനകൾക്ക് എതിര്‍പ്പ്; പ്രതിജ്ഞയില്‍ നിന്ന് പിന്മാറി കുടുംബശ്രീ

കോഴിക്കോട്: സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുടെ എതിർപ്പിനെ തുടർന്ന് കുടുംബശ്രീ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിക്കുന്നു. ജെൻഡർ ക്യാമ്പയിന്‍റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലരുതെന്ന് കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസില്‍ നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ പ്രതിജ്ഞ തയ്യാറാക്കുമെന്നും അതിന് ശേഷം മാത്രം പ്രതിജ്ഞ ചൊല്ലിയാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്.

ജെൻഡർ ക്യാമ്പയിന്‍റെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞയിലെ സ്ത്രീകൾക്കും പുരുഷൻമാർക്കും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന ഭാഗമാണ് വിവാദമായത്.

ഈ പ്രതിജ്ഞ ശരീഅത്ത് നിയമത്തിന് എതിരാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഉൾപ്പെടെയുള്ളവർ വാദിച്ചു. സമസ്തയ്ക്ക് പുറമെ കെ.എന്‍.എം മര്‍ക്കസുദഹ്വ, വിസ്ഡം അടക്കമുള്ള മുസ്ലീം സംഘടനകളും പ്രതിജ്ഞയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.