ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ നീക്കം ശക്തം; യെച്ചൂരിയെ കണ്ട് ചൗട്ടാല,
രാജ്യത്ത് ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാകുന്നു.സപ്റ്റംബർ 25ന് ഹരിയാനയിലെ ഫതിയബാദിൽ നടക്കുന്ന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണ് നീക്കം. റാലി സംഘടിപ്പിക്കുന്ന ഐ എൻ എൽ ഡി നേതാവ് ഓം പ്രകാശ് ചൗട്ടാല പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ദില്ലിയിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ചൗട്ടാല സന്ദർശിച്ചു. പിതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്റെ ജൻമവാർഷികത്തോട് അനുബന്ധിച്ചാണ് റാലി സംഘടിപ്പിക്കുന്നത്.
ചൗട്ടാല തന്നെ സന്ദർശിച്ചിരുന്നുവെന്നും പരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ‘ചൗട്ടാല തന്നെ വന്ന് കണ്ടിരുന്നു. അദ്ദേഹവുമായി നല്ല ബന്ധമാണ് ഉള്ളത്, പിതാവിനെയും അറിയാം. പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ റാലിയിൽ പങ്കെടുക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കൂ’ യെച്ചൂരി പറഞ്ഞു
പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകുമോ റാലിയെന്ന ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി; “പല തലങ്ങളിലും ചർച്ച പുരോഗമിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിത്. ബി ജെ പി തങ്ങളുടെ ഭരണഘടന സ്ഥാപനങ്ങളെ തകർക്കുകയാണ്’,യെച്ചൂരി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് സഖ്യം എന്ന സാധ്യതയെ യെച്ചൂരി തള്ളി. സംസ്ഥാന തലത്തിലാണ് ബി ജെ പിക്കെതിരായ പോരാട്ടം നടക്കേണ്ടത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പ്രതിപക്ഷ സഖ്യം എന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ സാധിക്കൂ” എന്നായിരുന്നു.