ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ല; പഠിക്കാൻ സമയം വേണം: ഗവർണർ
തിരുവനന്തപുരം: ഓർഡിനൻസ് വിഷയത്തിൽ സർക്കാരുമായി ഇടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ഓർഡിനൻസ് ഭരണം നല്ലതല്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. എല്ലാ ഓർഡിനൻസുകളും കണ്ണുമടച്ച് ഒപ്പിടാൻ കഴിയില്ല. വിശദമായി പരിശോധിക്കാൻ സമയം വേണം. ചില കാര്യങ്ങൾക്ക് വ്യക്തമായ വിശദീകരണം ആവശ്യമാണ്. ഓർഡിനൻസ് രാജ് സംസ്ഥാനത്ത് അംഗീകരിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ശ്രമിക്കുകയാണോ എന്നറിയില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കാവൂ. ഓർഡിനന്‍സിലൂടെ മാത്രം ഭരിക്കാനാണെങ്കില്‍ ഇവിടെ നിയമസഭകള്‍ എന്തിനാണ്. സുപ്രീം കോടതി തന്നെ ഈ വിഷയത്തിൽ നിലപാട് ശരിയായി വ്യക്തമാക്കിയിട്ടുണ്ട്. പൂർണ്ണ മനസ്സോടെയല്ലാതെ ഞാൻ ഒന്നും ചെയ്യില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനം ബജറ്റ് ചർച്ചയ്ക്കുള്ളതാണെന്ന് എന്നോട് പറഞ്ഞില്ല. ഓർഡിനൻസിൽ ഒപ്പിടണമെങ്കിൽ അത് പൂർണ്ണമായും മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ ഗവർണറുടെ ഒപ്പില്ലാതെ ഇന്ന് അസാധുവാകാനിരിക്കെയാണ് ഗവർണറുടെ കടുത്ത നിലപാട്. ഇന്നലെ ഡൽഹിയിലുള്ള ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി നേരിൽ കണ്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഡിജിറ്റൽ സിഗ്നേച്ചറിന് സാധ്യതയുണ്ടായിരുന്നു, പക്ഷേ ഗവർണർ അതിനും തയ്യാറായില്ല. ഓർഡിനൻസിൽ ഒപ്പിടണമെന്നും വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചിട്ടുണ്ട്.