ചന്ദ്രനെച്ചുറ്റിക്കറങ്ങി ദൗത്യം പൂർത്തിയാക്കി ഓറിയോൺ ഒടുവിൽ ഭൂമിയിലേക്ക്
വാഷിങ്ടണ്‍: മടക്കയാത്രയുടെ തുടക്കം കുറിച്ചു കൊണ്ട് നാസയുടെ ഓറിയോൺ ബഹിരാകാശപേടകം ഗ്രാവിറ്റി അസിസ്റ്റ് ഉപയോഗിച്ച് തിങ്കളാഴ്ച ഭൂമിയിലേക്ക് തിരിച്ചു. ഞായറാഴ്ച രാവിലെ 9.40ന് (ഇന്ത്യൻ സമയം രാത്രി 11.10) പേടകം പസിഫിക് സമുദ്രത്തിൽ ഇറങ്ങുന്നതോടെ ആദ്യ ആർട്ടെമിസ് ദൗത്യം പൂർത്തിയാകും. ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള നാസയുടെ പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.
ഓറിയോൺ ചന്ദ്രനോട് 130 കിലോമീറ്റർ അടുത്തുകൂടെയാണ് കടന്ന് പോയത്. ചന്ദ്രന്‍റെ മറുവശത്തായിരുന്നപ്പോൾ പേടകവുമായുള്ള ബന്ധം അരമണിക്കൂറോളം നഷ്ടപ്പെട്ടു. ഇത് പിന്നീട് പുനഃസ്ഥാപിച്ചു. പേടകത്തിന്‍റെ പ്രവർത്തനത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഓറിയോൺ പ്രോഗ്രാമിന്‍റെ ഡെപ്യൂട്ടി മാനേജർ ഡെബ്ബി കോര്‍ത്ത് പറഞ്ഞു.
ബഹിരാകാശ പേടകം ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ആകെ 22.53 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുമെന്ന് ആർട്ടെമിസ് മിഷൻ മാനേജര്‍ മൈക്ക് സറാഫിന്‍ പറഞ്ഞു.