ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ഒവൈസി
ന്യൂഡൽഹി: തെരുവുനായ്ക്കൾക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ കല്ലെറിഞ്ഞുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത പ്രതികളെ തൂണിൽ കെട്ടിയിട്ട് തല്ലിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി.
രാജ്യത്ത് ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കുന്നിടത്തെല്ലാം മുസ്ലീങ്ങൾ തുറന്ന ജയിലിലാണെന്നും മദ്രസകൾ തകർക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണോ നമ്മുടെ ബഹുമതി? ഒരു മുസ്ലിമിന് സമൂഹത്തിൽ ബഹുമാനമില്ലേ? ഇതാണോ രാജ്യത്തിന്‍റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയും,” അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പരാമർശത്തെയും ഒവൈസി വിമർശിച്ചു. മുസ്ലീങ്ങളാണ് കോണ്ടം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. മുസ്ലിം ജനസംഖ്യ വർദ്ധിക്കുകയല്ല, മറിച്ച് കുറയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സംഭവത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചതിനെയും ഒവൈസി ചോദ്യം ചെയ്തു. താങ്കൾ മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനത്താണ് മുസ്ലീങ്ങളെ തൂണിൽ കെട്ടിയിട്ട് ചാട്ടവാറ് കൊണ്ട് അടിച്ചത്. ഇങ്ങനെയാണെങ്കിൽ, ദയവായി കോടതികൾ അടച്ചുപൂട്ടുകയും പോലീസ് സേനയെ പിരിച്ചുവിടുകയും ചെയ്യുക,” ഒവൈസി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഖേദയിലെ ഉന്ധേല ഗ്രാമത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗർബ നൃത്ത പരിപാടിക്ക് നേരെ കല്ലെറിഞ്ഞിരുന്നു. സംഭവത്തിൽ പ്രതികളെ പരസ്യമായി ഒരു തൂണിൽ കെട്ടിയിട്ട് പൊലീസ് മർദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു.