പി.ആ‍ർ സുനു ഡിജിപിക്ക് മുന്നിൽ ഹാജരായില്ല; പുറത്താക്കൽ നടപടിയുമായി മുന്നോട്ട്

തിരുവനന്തപുരം: പിരിച്ചുവിടൽ നടപടി നേരിടുന്ന ഇൻസ്പെക്ടർ പി.ആർ.സുനു ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി പി.ആർ.സുനുവിന് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലാണെന്നും നേരിട്ട് ഹാജരാകാൻ സമയം നൽകണമെന്നും കാണിച്ച് സുനു ഡി.ജി.പിക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. എന്നാൽ ഈ മെയിൽ മുഖവിലയ്ക്കെടുക്കാതെ സുനുവിനെതിരായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഡി.ജി.പിയുടെ നീക്കമെന്നാണ് വിവരം.

ബലാത്സംഗം ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പിആർ സുനുവിനോട് ഇന്ന് രാവിലെ 11 മണിക്ക് ഡിജിപിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പിരിച്ചുവിടൽ നടപടികളുടെ ഭാഗമായിരുന്നു നോട്ടീസ്. ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയായ സുനു 15 തവണ വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് സുനുവിനെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി ഡി.ജി.പി നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതോടെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ നടപടിയുമായി ഡി.ജി.പിക്ക് മുന്നോട്ട് പോകാമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 31ന് സുനു മറുപടി നൽകിയത്. ഈ മറുപടി പരിശോധിച്ച ശേഷമാണ് നേരിട്ട് ഹാജരായി കാരണം വിശദീകരിക്കാൻ ഡി.ജി.പി വീണ്ടും നോട്ടീസ് നൽകിയത്.