പി എസ് സി റാങ്ക്പട്ടിക നീട്ടല്‍; മൂന്നുമാസം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് കാലത്തെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പി.എസ്.സിക്ക് സാധിക്കാത്തത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയപ്പോൾ ഓരോ റാങ്ക് ലിസ്റ്റിനും കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയം നീട്ടണമായിരുന്നുവെന്ന് ഹൈക്കോടതി. ഈ കാലയളവിൽ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകൾ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി പരിഗണിക്കണം. അന്ന് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഹർജിക്കാരുടെ വാദം പരിഗണിച്ച് രണ്ട് മാസത്തിനകം നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ,ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

2021 ഫെബ്രുവരി 5 നും 2021 ഓഗസ്റ്റ് 3 നും ഇടയിൽ കാലാവധി അവസാനിച്ച ലിസ്റ്റുകൾക്ക് 2021 ഓഗസ്റ്റ് 4 വരെ പി.എസ്.സി സമയം നീട്ടി. ചില റാങ്ക് ലിസ്റ്റുകൾക്ക് മൂന്ന് മാസത്തിൽ താഴെയാണ് സമയം ലഭിച്ചതെന്നും ഏകീകൃത സ്വഭാവമില്ലെന്നും കാണിച്ച് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും (കെഎടി) സിംഗിൾ ബെഞ്ചും ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ഒന്നര വർഷമായി നീട്ടാൻ ചട്ടപ്രകാരം പി.എസ്.സിക്ക് അധികാരമുണ്ട്.