സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. താൻ ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സ്വപ്നയെ ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു എന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. അനാവശ്യമായ സന്ദേശങ്ങൾ ആർക്കും അയച്ചിട്ടില്ല. ഇതുവരെ ആരും ഇത്തരം പരാതികളൊന്നും ഉന്നയിച്ചിട്ടില്ല. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമവശങ്ങളും പരിശോധിക്കും. സ്വപ്നയ്ക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും പാർട്ടിയുമായി ചർച്ച ചെയ്യുമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
“ഔദ്യോഗിക വസതി നിയമസഭാ സമുച്ചയത്തിൽ തന്നെ ആയതിനാൽ, ഓഫീസിൽ നിന്ന് ഇറങ്ങിയതായി അറിഞ്ഞാൽ സന്ദർശകർ വീട്ടിലേക്ക് വരുന്നത് പുതുമയുള്ള കാര്യമല്ലായിരുന്നു. ശ്രീമതി സ്വപ്നയും കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ എത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ക്ഷണിക്കാൻ വരുമ്പോൾ ഭർത്താവും മകനും ഒപ്പമുണ്ടായിരുന്നു. ഔദ്യോഗിക വസതിയിൽ എത്തുന്നതിന് മുമ്പ്, ഒരാൾ പൊലീസ് കാവൽ നിൽക്കുന്ന 2 ഗേറ്റുകൾ കടക്കണം. ഔദ്യോഗിക വസതിയിൽ 2 ഗൺമാൻമാർ, 2 അസിസ്റ്റന്‍റ് മാനേജർമാർ, ഡ്രൈവർമാർ, പിഎ, പാചകക്കാർ എന്നിവരും താമസിച്ചിരുന്നു. ഇതിനുപുറമെ, പകൽ സമയത്ത്, ദിവസവേതന ശുചീകരണ ജീവനക്കാരും ഗാർഡൻ തൊഴിലാളികളും ഉണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ച് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആരോടെങ്കിലും ആവശ്യപ്പെടാനുള്ള വിഡ്ഢിത്തം എനിക്കില്ല. മാത്രമല്ല, ഞാൻ എന്‍റെ ഔദ്യോഗിക വസതിയിൽ എന്‍റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യയും മക്കളും അമ്മയും കുടുംബസമേതം താമസിച്ചിരുന്നിടത്ത് എല്ലാ ദിവസവും മദ്യപാന സദസ്സ് ഉണ്ടായിരുന്നുവെന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത്. അത്തരമൊരു തലത്തിലേക്ക് താഴാൻ മാത്രം സംസ്കാര ശൂന്യനല്ല ഞാൻ”. ശ്രീരാമകൃഷ്ണൻ കുറിച്ചു.