ബൈഡന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനെതിരായ ബൈഡന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് യുഎസ് അംബാസഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഏറ്റവും യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ബൈഡൻ പറഞ്ഞിരുന്നു. ഞങ്ങളുടെ ആണവായുധങ്ങൾ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം. രാജ്യത്തിന്‍റെ സുരക്ഷയുടെ കാര്യത്തിൽ കടുത്ത നിലപാടാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത്. ചോദ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, അത് ഇന്ത്യയുടെ ആണവായുധങ്ങളെക്കുറിച്ചായിരിക്കണമെന്ന് ബിലാവൽ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഡെമോക്രാറ്റിക് കോൺഗ്രസിന്‍റെ ക്യാംപയിനിനിടെയാണ് അമേരിക്കൻ പ്രസിഡന്‍റ് പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം നടത്തിയത്. ചൈനയോടും റഷ്യയോടുമുള്ള യുഎസ് വിദേശ നയത്തെക്കുറിച്ച് സംസാരിക്കവേ, പാകിസ്ഥാനെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായാണ് ബൈഡൻ വിശേഷിപ്പിച്ചത്. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ നയതന്ത്ര ശ്രമങ്ങൾക്ക് തിരിച്ചടിയാണിത്.
ദേശീയ സുരക്ഷാ തന്ത്രം യുഎസ് പുറത്തുവിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ബൈഡന്‍റെ പാകിസ്ഥാനെതിരായ പരാമർശം. എന്നാൽ 48 പേജുള്ള ദേശീയ സുരക്ഷാ രേഖയിൽ പാകിസ്താനെക്കുറിച്ച് പരാമർശമില്ല. ബുധനാഴ്ചയാണ് ചൈനയും റഷ്യയും യുഎസിന് ഉയർത്തുന്ന ഭീഷണി ഉയർത്തിക്കാട്ടുന്ന നയ രേഖ ബൈഡൻ ഭരണകൂടം പുറത്തിറക്കിയത്.