ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ജോ ബൈഡൻ
വാഷിങ്ടൻ: പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ബൈഡൻ പറഞ്ഞു. ലോസ് ഏഞ്ചൽസിൽ (കാലിഫോർണിയ) ഡെമോക്രാറ്റിക് കോൺഗ്രസ് ക്യാമ്പയിൻ കമ്മിറ്റിയുടെ ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഇതാദ്യമായാണ് ജോ ബൈഡൻ പാകിസ്ഥാനെ ഇത്രയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്.
ചൈനയോടും റഷ്യയോടുമുള്ള അമേരിക്കയുടെ വിദേശനയത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം പാകിസ്ഥാനെ കുറിച്ച് പറഞ്ഞത്. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി പാകിസ്ഥാനെ താൻ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് ബൈഡന്‍റെ പരാമർശത്തെ വിലയിരുത്തുന്നത്.