ഇന്ത്യയ്ക്കെതിരെ ‘ആണവ യുദ്ധം’ നടത്തും: ഭീഷണി മുഴക്കി പാക് നേതാവ്

ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് രാഷ്ട്രീയ നേതാവിന്റെ ഭീഷണി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ഷാസിയ മാരിയാണ് ഭീഷണി മുഴക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാസിയ മാരിയുടെ ഭീഷണി.

“പാകിസ്ഥാന്‍റെ പക്കലും ആറ്റംബോംബ് ഉണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവനിലപാട് നിശ്ശബ്ദത പാലിക്കുക എന്നതല്ല. ആവശ്യമെങ്കിൽ അത് ഉപയോഗിക്കുന്നതിൽ നിന്ന് ഞങ്ങൾ പിന്നോട്ട് പോകില്ല,” മാരി പറഞ്ഞു.

ഭീകരവാദത്തിന്‍റെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് യു.എന്നിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഭൂട്ടോ, “ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്,” എന്ന പരാമർശം നടത്തിയത്. ഭൂട്ടോയുടെ പ്രസ്താവന സംസ്കാര ശൂന്യമായ പൊട്ടിത്തെറി ആണെന്നും ഭീകരരെ ഉപയോഗിക്കാനുള്ള പാകിസ്ഥാന്‍റെ കഴിവില്ലായ്മ തുറന്ന് കാട്ടപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.