പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കും; സൂചനയുമായി പ്രതിരോധ മന്ത്രി

ശ്രീനഗർ: ഗിൽജിത് ബാൾട്ടിസ്ഥാൻ ഉൾപ്പെടുന്ന പാക് അധിനിവേശ കശ്മീർ ഉൾപ്പെടെ ജമ്മു കശ്മീർ മുഴുവൻ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മു കശ്മീർ മുഴുവൻ തിരിച്ചുപിടിച്ചാൽ മാത്രമേ നമ്മുടെ ദൗത്യം പൂർത്തിയാകൂവെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ഗാമിൽ ഇന്ത്യൻ സൈന്യം സംഘടിപ്പിക്കുന്ന 76-ാമത് ഇന്‍ഫന്‍ററി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശൗര്യ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

ഇന്ത്യൻ സൈന്യം ആദ്യമായി യുദ്ധം ചെയ്യുകയും ജമ്മു കശ്മീരിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയും ചെയ്ത അതേ സ്ഥലത്ത് നിന്നാണ് രാജ്നാഥ് സിംഗ് സൈന്യത്തെ അഭിസംബോധന ചെയ്തത്. ആക്രമണകാരികളുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് ഈ രാജ്യത്തെ മോചിപ്പിക്കാൻ ജീവൻ ബലിയർപ്പിച്ച എല്ലാ രക്തസാക്ഷികൾക്കും മുന്നിൽ താൻ തലകുനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

പാകിസ്ഥാൻ വിഭജനത്തിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ അതിന്‍റെ യഥാർത്ഥ നിറം കാണിച്ചു. പാകിസ്ഥാൻ അധഃപതിച്ച് ജമ്മു കശ്മീരിനെ ആക്രമിക്കുമെന്ന് ഇന്ത്യ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ കശ്മീരിലെ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ അതിക്രമങ്ങൾ നടത്തിയാൽ അതിന്‍റെ ഭവിഷ്യത്തുകൾ അവർ അനുഭവിക്കേണ്ടി വരുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.