ഇമ്രാൻ ഖാനെ ലോകത്തിലെ ഏറ്റവും വലിയ നുണയൻ എന്ന് വിളിച്ച് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭൂമിയിലെ ഏറ്റവും വലിയ നുണയനാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇമ്രാൻ ഖാൻ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർത്തുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ പാകിസ്താൻ്റെ ആഭ്യന്തര, വിദേശ കാര്യങ്ങളിൽ വരുത്തിയ വിപത്തുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇമ്രാൻ ഖാൻ ഭൂമിയിലെ ഏറ്റവും വലിയ നുണയനാണെന്നും ഇത് അദ്ദേഹത്തിന് നിഷേധിക്കാനാവാത്ത അംഗീകാരമാണെന്നും ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു.

ഇമ്രാൻ ഖാൻ സർക്കാരിനെ താഴെയിറക്കാനും രാജ്യത്ത് ഭരണമാറ്റം സുഗമമാക്കാനും യുഎസ് ഭരണകൂടം ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു രഹസ്യ നയതന്ത്ര കേബിൾ പാക് മാധ്യമങ്ങൾ അടുത്തിടെ പുറത്തുവിട്ടിരുന്നു. തന്‍റെ സർക്കാരിന്റെ പതനത്തിന് പിന്നിൽ വിദേശ ശക്തികളാണെന്ന ആരോപണം ‘സൈഫർ’ എന്നറിയപ്പെടുന്ന കേബിൾ ഉദ്ധരിച്ച് ഇമ്രാൻ ഖാൻ ശക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്.